Thursday, September 24, 2009

ജലം തേടി ചന്ദ്രനില്‍ ...

നമ്മുടെ ലോകത്തുള്ള ശാസ്ത്രകാരന്മാരെല്ലാം കൂടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നതു ഭൂമിയിലല്ലാതെ വേറെ ഗ്രഹങ്ങളിലെവിടെ എങ്കിലും ജീവന്‍റെ കണിക എന്നു ഭൂമിയിലെ ശാസ്ത്രം വിശ്വസിക്കുന്ന ജലമോ അതുപോലുള്ള എന്തെങ്കിലും ഉണ്ടോ എന്നാണ്.. പക്ഷെ ഇവിടെ പ്രസക്തമായ ഒരു ചോദ്യം എന്‍റെ മനസ്സിലേക്കോടിവരുന്നതു മറ്റോന്നാണ്‌.. ഭൂമിയിലെ ജീവിത്തിനു ആധാരം ജലവും വായുവും ആണെങ്കില്‍ മറ്റു ഗ്രഹങ്ങളില്‍ അതു തന്നെ ആയിരിക്കണമെന്നില്ലല്ലോ??.. എന്തിനു മനുഷ്യനിറങ്ങിയ ചന്ദ്രനില്‍ ഭൂഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.. അങ്ങനെ ഉള്ള സ്ഥലത്ത് ജലം ഉണ്ടാവുമോ?? അല്ലെങ്കില്‍ മനുഷ്യ ജീവിതത്തിനു സമാനമായ്തു എന്തെങ്കിലും ഉണ്ടാകുമോ??.. ഒരുപക്ഷേ മനുഷ്യനു കാണാന്‍ പറ്റാത്തതും കേള്‍ക്കാന്‍ പറ്റാത്തതുമായ പലതും അവിടെ ഉണ്ടാവാം .. മാത്രവുമല്ല അവിടെ അങ്ങനെ നമ്മുടെ ഭൂമിയിലെ ജീവിതത്തിനു ആവശ്യമായതു എന്തെങ്കിലും ഒക്കെ ഉണ്ടാവാന്‍ സാധ്യത കുറവല്ലേ??.. എന്തായാലും നമ്മുടെ എല്ലാ ശാസ്ത്രഞ്ജന്മാര്‍ക്കും എല്ലാവിധ ഭാവുകങ്ങളും ....

Tuesday, September 22, 2009

പെണ്ണുകാണല്‍ FAQ...

ഇങ്ങനെ ഒരു ബ്ലോഗ് എഴുതിക്കളയാം എന്നു വിചാരിച്ചിട്ടു കുറെ ആയി.. പക്ഷെ ഇതിന്‍റെ ഉള്ളടക്കം കിട്ടേണ്ടേ??... ഇനി അതിനായി രണ്ടു പെണ്ണുകാണാനും വയ്യല്ലോ??... പിന്നെ വിചാരിച്ചു കേട്ടു പഴകിയ കുറേ ചോദ്യങ്ങളുണ്ടല്ലോ??.. എന്താ പേരു?? എന്നൊക്കെ പറഞ്ഞു അങ്ങു തുടങ്ങാം .. എന്നു വച്ചു.. സത്യം പറഞ്ഞാല്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല പെണ്ണുകാണാന്‍ പോയാല്‍ ഇന്നും ഫൊര്‍മാലിലിറ്റിക്കു ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്നി ഈയിടെക്കും ഒരാള്‍ പറഞ്ഞു...

പേര്. എന്താ??
എന്താ ഇഷ്ടപ്പെട്ടോ?.
എവിടെയാണ്‌ പഠിച്ചതൊക്കെ?..
ഒരു ഭര്‍ത്താവില്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുന്ന ഗുണവിശേഷങ്ങള്‍??..
പാചകങ്ങള്‍ ഒക്കെ അറിയുമൊ??.. വെജിറ്റേറിയനോ?? നൊണ്‍ വെജിറ്റേറിയനോ??..
എന്താണ്‌ കല്യാണത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്?.
ഇഷ്ടപ്പെട്ട വിനോദങ്ങള്‍??..
മദ്യപിക്കുന്നതിനെക്കുറിച്ചും പുകവലിക്കുന്നതിനെക്കുറിച്ചും ഉള്ള അഭിപ്രായം ??..
ആര്‍ഭാടകരമായ ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായം ??...
ഒരു ഭാര്യയ്ക്കുവേണ്ട ഏറ്റവും കുറഞ്ഞ ഗുണവിശേഷങ്ങള്‍??..
ഇത്രയും നാള്‍ ഉള്ള ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തൊന്നുന്നു??..
നാളെ ഒരുകാലത്തു ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കെണ്ടി വന്നാല്‍ ഉപേക്ഷിക്കുമൊ??..

ഈ പറഞ്ഞ ചോദ്യങ്ങളൊന്നും ആരൊക്കെ ചോദിക്കും എന്നെനിക്കറിയില്ല ... എന്തായാലും ഒരു ചാന്‍സ് കിട്ടുമായിരിക്കുമല്ലൊ അപ്പോള്‍ ചൊദിക്കുന്ന ചോദ്യങ്ങള്‍ അന്നു പുനപ്രസിദ്ധീകരിക്കാം .... അല്ലെങ്കില്‍ നിങ്ങളില്‍ ആരേലും പരിചയം
ഉള്ളവര്‍ കമന്‍ര്‍ പറഞ്ഞാല്‍ അപ്ഡേറ്റ് ചെയ്യാം ...
ബാക്കി കിട്ടുന്ന മുറക്കു എഴുതാം ...

Monday, September 21, 2009

ബി എസ് എന്‍ എല്‍ കണക്ഷനോ വേറേ വല്ലതും നോക്ക് മോനേ....

ഇതു മറ്റൊരനുഭവം .. കുറച്ചു ദിവസം മുന്‍പാണ്‌ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചു എഴുതിയതു.. അതിലൊരു സ്ഥാപനമായ ബി എസ് എന്‍ എല്‍ ന്‍റെ ആലപ്പുഴ ജില്ലയിലെ ഒരു ശാഖയില്‍ പോയി... ആവശ്യം ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനെക്കുറിച്ചു തിരക്കാനും ഒരു കണക്ഷന്‍ എടുക്കാനും ... അവിടെ ചെന്നു ആദ്യത്തെ മാഡത്തിന്‍റെ അടുത്തു ചെന്നപ്പോള്‍ അപേക്ഷാഫോറവുമായി വന്നു.. ഞാന്‍ നിലവില്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ അടുത്തുള്ള മാഡത്തിന്‍റെ അടുത്തു ചെന്നു ഫ്രീ ആയിട്ടു എന്‍റെ വീടിന്‍റെ അടുത്തു കേബിള്‍ ഉണ്ടോ എന്നു ചോദിക്കാന്‍ പറഞ്ഞു.. എന്നാല്‍ ചോദിച്ചു കളയാം എന്നു കരുതി അങ്ങൊട്ടു തിരിഞ്ഞു.. അപ്പോഴെക്കും ഇതൊക്കെ കേട്ടു ഇരുന്ന അവര്‍ ഒറ്റ മറുപടി ആയിരുന്നു.. അവിടെ ഫ്രീ കേബിള്‍ ഉണ്ടോ എന്നു ഓണ്‍ലൈന്‍ ഒന്നും നൊക്കാന്‍ പറ്റില്ല അവിടെ ഫ്രീ ഒന്നും ഇല്ല.. അല്ല ഇതിന്‍റെ നടപടി എന്താണെന്നു ചൊദിക്കാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഉടനെ ഒന്നും കിട്ടില്ല നിനക്കു വേണേല്‍ വേറെ വല്ല വഴിയും നോക്കു എന്ന വഴിക്കായിരുന്നു അവരുടെ സംസാരം .. ഇവിടെ പണ്ടേ ഒന്നും റെക്കോടിക്കലായിട്ടു വയ്ക്കാറില്ലായിരുന്നു അതുകോണ്ടു ഇതുപോലെ ഉള്ള വിവരങ്ങള്‍ ഒന്നും ഉടന്‍ അറിയാന്‍ പറ്റില്ല.. അങ്ങനെ അവര്‍ തുടര്‍ന്നു.. പിന്നെ വീണ്ടും സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു വേണേല്‍ ഒരു നമ്പര്‍ തരാം വിളിച്ചു നൊക്കൂ എന്നു കിട്ടും എന്നൊന്നും അവര്‍ക്കു പറയാന്‍ പറ്റില്ല.. അങ്ങനെ നമ്പര്‍ തന്നു സ്വാഭാവികമായിട്ടും ഞാന്‍ വിചാരിച്ചു ഈ നമ്പര്‍ തന്ന ആള്‍ വെറേ ഏതോ ഓഫീസിലെ ആയിരിക്കും എന്നു കരുതി മൊബൈലില്‍ വിളിച്ചു കൊണ്ടു താഴത്തെ നിലയിലേക്കിറങ്ങിയപ്പോള്‍ ദാ മുന്‍പില്‍ നിക്കുന്നു കക്ഷി... എന്തു ചെയ്യാന്‍ താഴെ ഇരിക്കുന്ന ആളെ കണ്ടാല്‍ മതി എന്നു പറയാനുള്ള മര്യാദപോലും ഇല്ലാത്തവരാണ്‌ നമ്മുടെ ഈ ഓഫീസുകളിലെ ഉദ്യോഗസ്തര്‍ എന്നു പറഞ്ഞാല്‍ നമ്മള്‍ എല്ലാം സഹിക്കുകയേ വഴി ഉള്ളു.. ഇനി അദ്ദേഹത്തോടു ചോദിക്കാം എന്നു കരുതി ചോദിച്ചപ്പോള്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നതു മറ്റോരു കഥ.. താങ്കളുടെ സ്ഥലത്തു നിലവില്‍ ഫ്രീ ആയിട്ടു കേബിളുകള്‍ ഒന്നും ഇല്ല.. ഉണ്ടായിരുന്നതൊക്കെ പൈപ്പിടലുകാര്‍ വന്നുകൂഴിച്ചപ്പോള്‍ ഏതു വഴിക്കുപോയി എന്നുപോലും അറിയില്ല പോലും .. ആരോ നൊക്കാന്‍ ഒക്കെ പോയിട്ടുണ്ടു അടുത്ത ആഴ്ച്ച കഴിഞ്ഞാലേ അറിയാവൂ നോക്കട്ടേ എന്നൊക്കെ.. എന്തായാലും വലിയ സാറിനേക്കാളും മാന്യമായ പെരുമാറ്റം ആയിരുന്നു... ഇതൊക്കെ തന്നെയാണു എല്ലാവരുടേയും അനുഭവം ഇവന്‍മാര്‍ ഒന്നും നന്നാവാന്‍ പോകുന്നില്ല എല്ലാവരും കോടി നമ്മുടെ ഈ സര്‍ക്കര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒക്കെ കുഴിച്ചു മൂടി അതിന്‍റെ ഒക്കെ മുകളില്‍ കേറി ഇരുന്നു ചിരിക്കും ....

Thursday, September 17, 2009

ടിപ്പറുകള്‍ക്കു കടിഞ്ഞാണിട്ടു....

നമ്മുടെ മന്ത്രിയുടെ വിശ്വാസം അതായിട്ടാണോ?? അതോ പൊതുജനത്തിന്‍റെ വാ അടപ്പിക്കാനാണോ എന്നറിയില്ല ഇങ്ങനെ ഒരു നിബന്ധന ഏര്‍പ്പെടുത്തിയതു.. രാവിലെ 8 മുതല്‍ പത്തു വരെയും പിന്നെ വൈകിട്ടു മൂന്നു മുതല്‍ അഞ്ച് വരേയും ടിപ്പര്‍ ലോറികള്‍ നിരോധിച്ചു... ഇതുകൊണ്ടു അപകടങ്ങള്‍ ഒഴിവാകും എന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതു വെറുതേ ആണ്‌.. ഈ പറഞ്ഞ നാലു മണിക്കൂര്‍ നേരത്തെ ജോലികൂടി തീര്‍ക്കാനയിട്ടു ബാക്കിയുള്ള സമയങ്ങളില്‍ ഇവര്‍ ശ്രമിച്ചാല്‍ പിന്നെ 8-10 ഉം 3-5 ഉം ഒഴിച്ചുള്ള സമയങ്ങളില്‍ ജനങ്ങളെ റൊഡില്‍ നിരോധിക്കേണ്ടി വരും ... ഇതു തന്നെ ആണു നമ്മുടെ നാട്ടിലെ കുഴപ്പം ഒരുപാടു നീയമങ്ങള്‍ ഉണ്ടു അതു പാലിക്കാതിരിക്കാന്‍ നമ്മുടെ നാട്ടിലെ ജനങ്ങളും ... എന്തുണ്ടായാലും ഉടനെ ഒരു നീയമം ഉണ്ടാക്കും അതു കോണ്ടു നമ്മുടെ നീയമപാലകരുടെ കഞ്ഞികുടി മുട്ടില്ല എന്നു മാത്രം .. ഇങ്ങനെ ഒരു നിബന്ധന വച്ചതിനു പകരം ഉള്ള നീയമങ്ങള്‍(വേഗത നീയന്ത്രണ യന്ത്രം ,, മറ്റു അപകടങ്ങള്‍ ..) തെറ്റിക്കുന്നവരെ കണ്ടെത്തുവാനും മാതൃകാപരമായി ശിക്ഷിക്കുവാനും കഴിഞ്ഞാല്‍ ഇതിന്‍റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ??

കുഴികുത്തല്‍ മത്സരം അതും ഹൈവേ സൈഡില്‍ ....

നമ്മുടെ നാട്ടില്‍ അപകടങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന മരണങ്ങളെക്കുറിച്ചും ഒക്കെ കൂലങ്കഷമായ ചര്‍ച്ചകളാണ്‌... അതിന്‍റെ ഇടക്കാണ്‌ തികച്ചു രണ്ടു വണ്ടി കടന്നു പോകാവുന്ന ദേശീയ പാതയുടെ രണ്ടു വശങ്ങളിലും ഒരേ സമയത്തു കുഴി കുത്തി നമ്മുടെ ജലവകുപ്പും വിദ്യുച്ഛക്തി വകുപ്പും തമ്മില്‍ മത്സരം .... മെഡിക്കല്‍കോളേജിലെക്കുള്ള റോഡിലാണ്‌ നമ്മുടെ സാറമ്മാരുടെ മത്സരം ... കുറഞ്ഞതു ഒരു വശത്തു ആണെങ്കില്‍ കുഴപ്പമില്ല... ഇതു രണ്ടു വശത്തും .. പോട്ടെ രണ്ടു ദിവസമാണെങ്കില്‍ കുഴപ്പമില്ല.. ഒരേ ദിവസം .. ഇവനെ ഒക്കെ സഹിക്കുന്ന പൊതുജനം എന്ന കഴുതകളെ പറഞ്ഞാല്‍ മതിയല്ലൊ??... ഇവന്‍റെ ഒക്കെ ദൃതി കണ്ടാല്‍ ഇപ്പോള്‍ മലമറിക്കാന്‍ പോകുന്ന പോലെ ആണ്‌.. മാസങ്ങളായി ഇവന്മാരുടെ ഈ കുഴി തുടങ്ങിയിട്ടു.. എന്നു അവസാനിക്കും എന്നു ഇവര്‍ക്കു തന്നെ ഒരു ഉറപ്പുമില്ല....

Tuesday, September 15, 2009

പഴുതാരയുടെ കുളി....

രാവിലെ "കണ്ണെ കലൈമാനേ ..." എന്നും പറഞ്ഞു മൊബൈല്‍ അടിക്കാന്‍ തുടങ്ങിയതു കേട്ടാണ്‌ എഴുന്നേറ്റതു... പതിവുമട്ടില്‍ കൈ നീട്ടി അതു അങ്ങു ഒഫാക്കിയേക്കാം എന്നു വിചാരിച്ചപ്പോഴാണ്‌ മനസ്സിലായതു അവന്‍ അങ്ങു ഷെല്‍ഫിലിരുന്നാണ്‌ അടിക്കുന്നെ... എന്നാ പിന്നെ അവന്‍റെ ആഗ്രഹം നടക്കട്ടെ എന്നു ഞാനും വിചാരിച്ചു... മൊബൈലിനു മനുഷ്യന്‍റെ മനസ്സു മനസ്സിലാക്കാന്‍ പറ്റില്ലല്ലോ.. അവന്‍ പാടിക്കൊണ്ടേ ഇരുന്നു.. ഇന്നെങ്കിലും നേരത്തെ എഴുന്നേല്‍ക്കാം കരുതിയാണ്‌ ആ കുന്ത്രാണ്ടം എടുത്ത് ഷെല്‍ഫില്‍ വച്ചതു.. ഒരു വട്ടം പാട്ടു നടത്തി നിറുത്തിയ ശേഷം ഉറക്കം പിടിച്ചു വന്നപ്പോഴെക്കും ദാ പിന്നെയും "കണ്ണേ കലൈമാനേ..."... എഴുന്നേല്‍ക്കാന്‍ ഭാവം ഒന്നും ഇല്ലായിരുന്നെങ്കിലും സഹമുറിയന്‍മാരുടെ മാനസികാവസ്ത കൂടി മനസ്സിലാക്കണമല്ലോ എന്നു കരുതി എഴുന്നേറ്റു... 7 മണിക്കു വച്ചിട്ടു 7.20 ആയപ്പോഴെങ്കിലും ഏറ്റു ഭാഗ്യം ... പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ബാത്ത് റൂമിലേക്കു നീങ്ങിയപ്പോള്‍ ഭൂമിയുടെ അവകാശികള്‍ മുഴുവന്‍ ഉണ്ടു അവിടെ.. ഒ ഇവരുടെ ഒക്കെ ഒരു കാര്യം നമ്മള്‍ പണീതിട്ടിരിക്കുന്ന ബാത്ത് റൂമില്‍ വേണം അവര്‍ക്കും കാര്യം സാധിക്കാന്‍ ്‌... എന്തുമാകട്ടെ എന്നു കരുതി ബക്കറ്റിലേക്കു നോക്കിയപ്പോള്‍ കൂളിക്കാനാണോ എന്നറിയ്ല്ല ദാ കിടക്കുന്നു പഴുതാര.. ഹേയ് ഇത്ര രാവിലെ കൂളിക്കുമോ?? അല്ലേല്‍ തന്നെ ഇവനൊക്കെ കൂളിച്ചിട്ടു എവിടെപ്പോകാന്‍ ബി പി ഒ ഷിഫ്റ്റിലൊന്നുമല്ലല്ലോ ജോലിചെയ്യുന്നേ??.. എന്തുമാകട്ടെ എന്നു കരുതി കുറച്ച് വെള്ളം പൈപ്പില്‍ നിന്നും തുറന്നു വിട്ടു നേരെ എടുത്തു പുറത്തേക്കെറിഞ്ഞു.. എന്തായാലും കുളിപ്പിച്ചു കൊടുത്തില്ലേ അതില്‍ കൂടുതല്‍ എന്ന ചെയ്യാന്‍ ...

സര്‍ക്കാര്‍ ഒഫ്ഫീസുകളെ എങ്ങനെ നന്നാക്കിയെടുക്കാം ...

പൊതുജങ്ങളുടെ കയ്യില്‍ നിന്നും പിരിക്കുന്ന പലതരത്തിലുള്ള നികുതിയും എല്ലാം ശമ്പളമായി ഏറ്റുവാങ്ങുന്നവരാണ്‌ ഈ സര്‍ക്കാര്‍ ഉദ്യോഗസ്തര്‍.. നമ്മള്‍ എല്ലാം കൊടുക്കുന്ന കാശിനു തക്ക പ്രതിഫലം കിട്ടിയില്ലെങ്കില്‍ ബഹളം ഉണ്ടാക്കുന്നവരാണ്‌ .. പക്ഷെ ഈ കാര്യത്തില്‍ മാത്രം ആരും ഒരു പ്രശ്നവും ഉണ്ടാക്കുന്നതു കണ്ടിട്ടില്ല.. ഒരുപക്ഷേ കൃത്യമായി അറിയാത്തതും അതിനു സമയമില്ലത്തതുമാണ്‌ കാര്യം ... അല്ലെങ്കില്‍ എതെങ്കിലും ഒരാവശ്യത്തിനു ചെല്ലുമ്പോള്‍ കൈക്കൂലി ചൊദിക്കുന്ന ഉദ്യോഗസ്തരോടുപോലും നമ്മള്‍ നല്ലോരു ശതമാനം മലയാളികളും കൈക്കൂലികൊടുത്ത് മാന്യമായിട്ടല്ലേ കാര്യം നേടിയെടുക്കുന്നത്.. എന്നാല്‍ ഇതിനൊന്നും വയ്യാത്ത സാധാരണക്കാരുടെ കാര്യമാണ്‌ കഷ്ടം ...കൈയ്യില്‍ ആവശ്യത്തിനു കൈമടക്കില്ലാതെ വരുമ്പോള്‍ എന്നാ ചെയ്യാന്‍.. എന്നാല്‍ ഇതൊക്കെ നമ്മാള്‍ എല്ലാം ചിട്ടവട്ടയായി തീര്‍ക്കുകയാണെങ്കില്‍ തീര്‍ക്കാവുന്ന കാര്യങ്ങളേയുള്ളു.. അതിനായി ചെയ്യാവുന്ന കുറച്ചുകാര്യങ്ങള്‍..
ഒന്നു നമ്മുടെ പണ്ടുകാലം മുതല്‍ക്കേ ഉള്ള ഈ അറ്റെന്‍ഡന്‍സ് ബുക്ക് എന്നുള്ളത് ഒഴിവാക്കുക എന്നുള്ളതാണ്‌ ആദ്യം ചെയ്യേണ്ടത് കാരണം അതില്‍ 10 മണിക്കു വരുന്നവരും 12 മണിക്കു വരുന്നവരും എന്തിനു വരാത്തവരുടെ പോലും കൃത്യം 9.50 നു തന്നെ എത്തിയതായിട്ടായിരിക്കും കാണാന്‍ സാധിക്കുക... ആഴ്ച്ചകളില്‍ അല്ല എങ്കില്‍ മാസത്തില്‍ ശരാശരി സമയം ഒഫീസില്‍ ഉണ്ടായിരുന്നു എന്നു ഉറപ്പു വരുത്തണം ..
രണ്ടാമതു ചെയ്യേണ്ടതു ഒരോരുത്തര്‍ക്കും മുന്‍പില്‍ വരുന്ന ഫയലുകളുടെ സ്ഥിതി  എന്താണെന്നും അതു എന്നു ചെയ്തു തീര്‍ത്തു പൊതുജനത്തിനു കിട്ടും എന്നു രേഖപ്പെടുത്തിയിരിക്കണമ്.. അതിനു പറ്റിയില്ല എങ്കില്‍ വേണ്ടപ്പെട്ടവരേയും അതു സമര്‍പ്പിച്ച ആളേയും കാര്യസമേതം ബോധിപ്പിക്കണം ..
  പിന്നെ ചെയ്യാവുന്ന ഒരുകാര്യം നമ്മുടെ സ്വകാര്യസ്ഥാപങ്ങള്‍ ഒക്കെ ചെയ്യുന്നപോലെ ഒരു കസ്റ്റമര്‍ കെയര്‍ എന്നതു ഏര്‍പ്പെടുത്തുക.. രണ്ടോ അതിലധികമോ തവണ കയറി ഇറങ്ങിയിട്ടും കാര്യം നടന്നില്ലെങ്കില്‍ പൊതുജനത്തിനു മേലധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അതിനു കഴിയണം ..
ഇതിനെല്ലാം പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്‌ എന്നറിയാം പക്ഷെ ആ ബുദ്ധിമുട്ടുകള്‍ മറികടന്നു നമ്മള്‍ എന്തെങ്കിലും ചെയ്തേ പറ്റൂ.. അല്ലെങ്കില്‍ തിരിച്ചു വരവു അസാദ്യമായിരിക്കും ...

നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ നന്നാക്കേണ്ടിയിരിക്കുന്നു...

ഇന്നു നമ്മുടെ ഒരുമാതിരിപെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്നു അഴിമതിക്കാരെ  കൊണ്ടു നിറഞ്ഞിരിക്കുന്നു... ഇന്നു ഏതാവശ്യത്തിനു പോയാലും കൈമടക്കും മണിയടിയും ഇല്ലാതെ കാര്യം നേടിയെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്‌ .. അല്ലെങ്കില്‍ ഒരു നൂറുവട്ടം ഈ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടി വരും .. ഇനി ആരെങ്കിലും ഒരാള്‍ ആവേശത്തില്‍ കൂറച്ചു മാന്യമായി ഓഫീസില്‍ വരുന്നവരോട് മാന്യമായി പെരുമാറി അവരുടെ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്യാം എന്നു വച്ചാല്‍ അവന്‍റെ കാര്യം മലയാളത്തില്‍ പറഞ്ഞാല്‍ "കട്ടപ്പൊക" ആയിരിക്കും ... അങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഒഫീസില്‍ എത്തപ്പെട്ടാല്‍ ഞാന്‍ ഈ പറഞ്ഞ പകല്‍ മാന്യന്മാര്‍ എല്ലാം കൂടി അദ്ദേഹത്തെ എങ്ങനെ തുരത്താം അല്ലെങ്കില്‍ എങ്ങനെ ഒരു കള്ളക്കേസില്‍ കുടുക്കാം എന്നതായിരിക്കും ചിന്ത.. അതിനു നമ്മുടെ രാഷ്ട്രീയക്കാരും യൂണിയന്‍കാരും എല്ലാം ഒത്തുകൂടുകയും ചെയ്യും ...
നമ്മുടെ നാട്ടില്‍ അതിനു ഒരുപാടു ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഉണ്ടാകും ..
സ്വന്തം നാടല്ലെങ്കിലും നമ്മുടെ കേരളം കുറച്ചെങ്കിലും നന്നാക്കാന്‍ ശ്രമിച്ച ആ പോലീസുകാരന്‍റെ അവസ്ഥ എന്തായി.. സിനിമാ തിരക്കഥയെ പോലും വെല്ലുന്ന തരത്തില്‍ നമ്മുടെ ചെക്ക് പോസ്റ്റിലെ കൈക്കൂലിക്കരെ പിടിക്കുകയും പിന്നീട് മൂന്നാര്‍ അതിക്രമിച്ചു കയ്യേറിയ ഭൂമി ഒഴിപ്പിച്ചപ്പോള്‍ അതിനു നെതൃത്വം നല്‍കുകയും പിന്നീട് എക്സൈസ് ഡ്യൂട്ടിയിലായിരുന്നപ്പോള്‍ ഒട്ടനവധി വ്യാജ വാറ്റുകാരെ പിടിക്കുകയും അങ്ങനെ നമ്മുടെ നാട്ടിലെ അധികാരികള്‍ക്ക് അവരുടെ വരുമാനം മുട്ടിക്കും എന്നു വന്നപ്പോള്‍ കേരളത്തില്‍ നിന്നും തന്നെ തുരത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലായിരുന്നു.. അതു അവരെല്ലാം കൂടി മനോഹരമായി നിറവേറ്റി കേരള സര്‍വീസില്‍ നിന്നും കേന്ദ്ര സര്‍വീസിലേക്കു .. ഭാഗ്യം അങ്ങേരെ കള്ളക്കേസില്‍ ഒന്നും പെടുത്തിയില്ലല്ലോ??..
   ഇതെല്ലാം ഒരു ദിവസം അല്ലെങ്കില്‍ ഒരുമാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ മാറ്റിയെടുക്കാന്‍ പറ്റില്ല.. പക്ഷെ മാറ്റത്തെക്കുറിച്ചു ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാതെ ഇതെല്ലാം കേരളമല്ലേ ഇങ്ങനെ ഒക്കെ സംഭവിക്കും എന്നും പറഞ്ഞു നടന്നാല്‍ നാളത്തെ അവസ്ഥ ദയനീയമായിരിക്കും .. നമ്മുടെ നാട്ടില്‍ എല്ലാം സ്വകാര്യവത്കരിച്ചാലേ നന്നാവൂ എന്നാണ്‌ ചിലരുടെ ഭാഷ്യം ..  അതിന്‌ അവരുടേതായ ന്യായീകരണങ്ങളും ഉണ്ട് അല്ലെങ്കില്‍ ചില സ്വകാര്യവത്കരിച്ച സ്ഥാപങ്ങള്‍ ഇന്നു ലാഭത്തിലായതു കാണിച്ചുകൊണ്ടായിരിക്കും അവര്‍ ന്യായീകരിക്കുക.. അതെങ്ങനെ സഭവിക്കുന്നു.. സര്‍ക്കാര്‍ എന്ന ലേബല്‍ മാറ്റി സ്വകാരയം ​എന്നാക്കുമ്പോഴെ ഇതെങ്ങേ സംഭവിക്കുന്നു.. അറ്റിനെക്കുറിച്ചാണ്‌ നമ്മള്‍ ചിന്തിക്കേണ്ടതു ... ഇതിനേല്ലാം കാരണം നമ്മള്‍ തന്നെ ആണ്‌.. കാരണം നമ്മളുടെ സ്വഭാവം എന്നാല്‍ ചക്കരക്കുടം കണ്ടാല്‍ ആരും കൈയ്യിട്ട് നോക്കും എന്നു പറഞ്ഞപോലെ ആണ്..
ഇനി ഇതെല്ലാം എങ്ങനെ നന്നാക്കാം എന്നു ഒരു മലയാളിയോടും പറയേണ്ട ആവശ്യം ഇല്ല.. കാരണം ഒരുവിധപ്പെട്ട നേട്ടങ്ങള്‍ ഉണ്ടക്കിയ കമ്പനികളൂടെ അല്ലെങ്കില്‍ അതുപോലുള്ള സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥനിരയില്‍ ഈ മലയാളിയുടെ കാല്പാടുകളും ഉണ്ടാവും .. അപ്പോള്‍ പിന്നെ ഒന്നും അറിയാന്‍ പാടില്ലഞ്ഞിട്ടല്ല...
 എന്തിനു സ്വകാര്യ സ്ഥാപനം എടുക്കണം കേവലം 2 വര്‍ഷം കൊണ്ട് നമ്മുടെ കെ എസ് ആര്‍ ടി സി യെപ്പോലും ലാഭത്തിലാക്കിയ മന്ത്രിമാര്‍ നമ്മുക്കുണ്ടായിരുന്നു..
എല്ലാത്തിനും  അടിസ്ഥാനമായിട്ടു വേണ്ടതു സമയനിഷ്ടയും കൃത്യമായിട്ടുള്ള ഉദ്യോഗസ്ഥരെ വേണ്ടപോലെ ഉപയോഗിക്കലുമാണ്‌...  അതു നമ്മുടെ ഏത് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെന്നാലാണ്‌ കാണാന്‍ സാധിക്കുക... ഇന്നുവരെ ആത്മാര്‍ഥത കാണിച്ചിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാര്‍ വച്ചുപ്പൊറുപ്പിച്ചിട്ടുണ്ടോ??... ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലാ 10 മുതല്‍ 5 വരെ എന്ന 7 മണിക്കൂര്‍ നേരം കാണാന്‍ സാധിക്കുക.. രാവിലെ താമസിച്ചെത്തിയാലും നേരത്തേ പൊകണം എന്ന ആദര്‍ശവുമായി നടക്കുന്നവരാ നമ്മുടെ കൂടുതല്‍ ഉദ്യോഗസ്ഥരും .. ഇനി ഉള്ള 5 ഓ 6 ഓ മണിക്കൂറു കൊണ്ടു പത്രപാരായണവും 2 നേരത്തെ ചായകുടിയും പിന്നെ ഉച്ച ഊണും കഴിഞ്ഞു മേശപ്പുറത്തു വരുന്ന ഫയല്‍ നോക്കാന്‍ ഇവര്‍ക്കു എവിടെ നേരം കിട്ടാന്‍...

Monday, September 14, 2009

അളിയാ പെണ്ണിനെ ആരെങ്കിലും അടിച്ചുകൊണ്ടുപോയോ എന്നു നോക്കിയിട്ടു വരാം ...

വിവാഹത്തോട് അനുബന്ധിച്ചു പല സംസ്ഥാനങ്ങളിലും പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ നിലവിലുണ്ട്.. എന്തിന്‌ നമ്മുടെ സംസ്ഥാനത്തു തന്നെ പലയിടത്തും പല തരത്തിലുള്ള ആചാരങ്ങളാണ്‌.. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്‍റെ കല്ല്യാണത്തിനുപോയപ്പോള്‍ അങ്ങനെ ഉള്ള ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടി വരും എന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല.. കല്ല്യാണത്തില്‍ പങ്കെടുക്കാനായി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ എല്ലാവരും കൂടി രണ്ടു മൂന്ന് വണ്ടിയിലായി പുറപ്പെട്ടു... കുറച്ചു ദൂരക്കൂടുതല്‍ ആയകാരണം ഞങ്ങള്‍ ഏകദേശം സന്ധ്യാസമയം കഴിഞ്ഞശേഷം ആണ്‌ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്.. അങ്ങനെ വീട്ടില്‍ എത്തി കുറച്ചു നേരം വിശ്രമിക്കാം എന്നൊക്കെ കരുതിയപ്പോള്‍  വീട്ടുകാര്‍ എല്ലാം പറഞ്ഞു വിശ്രമം ഒക്കെ ചടങ്ങുകഴിഞ്ഞിട്ടാകാം എന്നു.. എന്തു ചടങ്ങു എന്നു ചോദിക്കുന്നതിനു മുന്‍പ് കല്യാണ ചെറുക്കന്‍ പുറത്തേക്കിറങ്ങി.. കൂടെ എന്താ ചടങ്ങെന്നറിയാതെ ഞങ്ങളും ഇറങ്ങി.. അപ്പോള്‍ ആരോ പറഞ്ഞു പെണ്ണിന്‍റെ വീട് ഇവിടെ അടുത്താണെന്നു..  അവിടേക്കാണ്‌ ചെറുക്കന്‍ പോകുന്നതു എന്നറിഞ്ഞപ്പോള്‍ പോയേക്കാം എന്നേ ഞങ്ങളും വിചാരിച്ചുള്ളു.. അങ്ങനെ ഞങ്ങള്‍ നടന്നു.. പിന്നെ ചെറുക്കന്‍റെ കൂടെ നടന്നു നീങ്ങിയപ്പോഴാണ്‌ ഞങ്ങള്‍ക്കു ഒരു കാര്യം മനസ്സിലായതു.. ചെറുക്കന്‍റെ വേണ്ടപ്പെട്ടവര്‍ ആരുമില്ല.. തിരക്കിയപ്പോള്‍ ആരോ പറഞ്ഞു ഈ ചടങ്ങിനു കല്യാണ ചെറുക്കനും കോട്ടുകാരും മാത്രം മതി എന്നു.. അധികം ഒന്നും തിരക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് പെണ്ണിന്‍റെ വീട്ടിലെത്തി... പെണ്ണിന്‍റെ വേണ്ടപ്പെട്ടവര്‍ എല്ലാം ഞങ്ങളേയും കാത്തുനില്‍പ്പുണ്ടായിരുന്നു.. അവര്‍ ഒരൊരുത്തരേയും പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായതു ഇതു അത്യാവശ്യം ഗൌരവമുള്ള ചടങ്ങു ആണെന്നു
.. അങ്ങേ സ്വീകരിച്ചിരുത്തി ചായ ഒക്കെ കുടിക്കുന്നതിന്‍റെ ഇടയ്ക്കു കുറേ കമന്‍റുകള്‍ പറയുന്നതിന്‍റെ ഇടക്കാണ്‌ ചടങ്ങു എന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലായതു.. കല്യാണത്തലേന്നു വരനും വരന്‍റെ കൂട്ടുകാരും ചേര്‍ന്നു വധുവിന്‍റെ വീടു സന്ദര്‍ശിക്കണം .. എന്തിനാണ്‌ എന്നു വച്ചാള്‍ പെണ്ണു മറ്റാരുടേയും കൂടെ ഒളിച്ചോടിയിട്ടില്ല എന്നു ഉറപ്പുവരുത്തലാണ്‌ ലക്ഷ്യം ... അപ്പോഴേക്കും ബാക്കി കമന്‍റുകളും വന്നു എന്നാല്‍ പേണ്ണിനെ വിളി കാണട്ടേ എന്നു.. അങ്ങനെ വധു എത്തി ഒരോ നാരങ്ങയും തന്നു  ഞങ്ങളെ പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ ചടങ്ങിന്‍റെ അവസാനമായി.. ഒരാള്‍ക്കു മാത്രം നാരങ്ങ കൊടുത്തില്ല.. അതാര്‍ക്കണെന്നു ആരോടും പറയേണ്ടതില്ലല്ലോ??

Thursday, September 10, 2009

നഷ്ടപ്പെടുന്ന ബാല്യങ്ങള്‍..........

നമ്മുടെ നാട്ടില്‍ പണ്ടേ ഉള്ള ഒരു കാര്യമുണ്ടു ഒന്നും മുന്‍കൂട്ടിക്കാണാന്‍ കഴിയാന്‍ കഴിയാതിരിക്കുക അതല്ല എങ്കില്‍ അതിനു മുതിരാന്‍ തയ്യാറാവാതിരിക്കുക.. എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍ അപ്പോള്‍ തുടങ്ങും ഒരോ നടപടികളായി.. ഒരു ഒന്നു രണ്ടു മാസം കഴിയുമ്പോള്‍ അതിന്‍റെ പണിയും കഴിയും .. ഒരിക്കല്‍ നമ്മുടെ കുറച്ചു കുട്ടികള്‍ ബോട്ട് മുങ്ങി മരിച്ചപ്പോഴും വണ്ടി പാഞ്ഞു കയറി മരിച്ചപ്പോഴും ഒക്കെ അവസ്ത ഇതു തന്നെ ആയിരുന്നു.. ഇന്നു അതിന്‍റെ ഒക്കെ അവ്സ്ത എന്താണോ ആവൊ??.. ഇന്നും വളരെ ഭീഷണി ആയിട്ടുള്ള മറ്റൊന്നാണ്‌ നമ്മുടെ വിദ്യാര്‍ത്ഥികളേയും കയറ്റിയുള്ള പാച്ചില്‍.. കുട്ടികളെ ഒക്കെ കുത്തി നിറച്ചാണ്‌  പലവണ്ടികളും പോകുന്നത്.. അതിനു ഒരു പരിധിവരെ നമ്മള്‍ തന്നെ ആണ്‌ ഉത്തരവാദികള്‍.. ഒന്നു കുട്ടികളെ ഒക്കെ ഒരു 5 മിനിട്ടു നേരത്തേ ബസ് സ്റ്റോപ്പില്‍ എത്തിക്കുന്നവര്‍ കുറവാണ്‌.. രണ്ടാമതു ഒരു കുട്ടിക്കു 5 രൂപ എങ്കില്‍ 5 രൂപ കുറക്കണമെങ്കില്‍ 2 പേരെ കൂടുതല്‍ കയറ്റണം എന്നു പറയുമ്പോള്‍ ആരും എതിര്‍ക്കറില്ല.. പിന്നെയുമുണ്ട് കാരണങ്ങള്‍ നമ്മുടെ റോഡിന്‍റെ സ്ഥിരം ശാപം ബ്ലോക്കുകള്‍ അല്ലതെന്താ.. പക്ഷെ നാളെ ഒരു ദുരന്തം ഉണ്ടായിട്ടു ആലോചിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്‌ അതൊഴിവാക്കാന്‍ പറ്റുമോ എന്നുള്ളത്....


ഇപ്പോള്‍ ഇതാ ടിപ്പര്‍ ലോറി കയറി മൂന്നു കുട്ടികള്‍ കൂടി ജീവന്‍ വെടിഞ്ഞു... ഇതിനു ടിപ്പര്‍ ലോറിക്കാരന്‍ എത്ര കുറ്റവാളിയാണോ.. അത്രയും കുറ്റവാളികളാണ്‌ ഈ പറഞ്ഞ സ്ഥലത്തെ വേണ്ടപ്പെട്ട ഉദ്യോഗസ്തരും .. കാരണം 3.30 മണിമുതല്‍ 5.30 വരെ ടിപ്പര്‍ ലോറികള്‍ നിരോധിച്ചിട്ടും ഓടിക്കുന്നവണ്ടികള്‍ക്കെതിരേ ശക്തമായ നടപടി എടുക്കാന്‍ ഇവര്‍ നേരത്തേ തയ്യാറായിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നൊ??... അതെ ഇനി ഇപ്പോള്‍ കുറച്ചു കാലത്തേക്കു ഭയങ്കര ചെക്കിങ്ങ് ആയിരിക്കും പിന്നെ എല്ലാം പഴയപോലെ അല്ലതെവിടെപ്പോകാന്‍ ............

Wednesday, September 9, 2009

മലയാള സിനിമ പ്രതിസന്ധി നേരിടുന്നുണ്ടോ?....

കുറച്ചുനാളായിട്ടു നമ്മുടെ ചാനലുകാരും സിനിമാക്കാരും എല്ലാവരും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ ഈ വിഷയം .. ഒരു അഞ്ചെട്ട് വര്‍ഷം മുന്‍പ് വരെ ഒരോ വര്‍ഷത്തേയും വിജയിച്ച ചിത്രങ്ങളെടുക്കുകയാണെങ്കില്‍ എണ്ണി തിട്ടപ്പെടുത്താന്‍ നമ്മുടെ കയ്യിലേയും കാലിലേയും വിരലുകള്‍ പോരാതെ വരുമായിരുന്നു.. ഇന്നു ആ ഒരു കര്‍മ്മത്തിനു വേണ്ടി കൈയ്യിലെ വിരല്‍ തന്നെ ധാരാളമാണ്‌ എന്നുള്ളതാണ്‌ അവസ്ത.. ഇതിനെല്ലാം പ്രേക്ഷകരുടെ അഭിരുചിയിലുണ്ടായ വ്യത്യാസത്തേയും വ്യാജ സി ഡി യേയും  എല്ലാത്തിനേയും ആണ്‌ സിനിമാക്കാര്‍ ഒന്നടങ്കം കുറ്റമായി പറയുന്നതു.. അതെ ഇതൊക്കെ കാരണങ്ങളാണ്‌.. പക്ഷെ അതു മാത്രമാണോ കാരണം ... കാരണം ഇന്നും ഈ പറഞ്ഞ ഈ അഞ്ചാറു ചിത്രങ്ങള്‍ എങ്ങനെ വിജയിക്കുകയും അവ പ്രേക്ഷകരെ ഒന്നാകെ ഈ ടാക്കീസുകളില്‍ എത്തിക്കുകയും ചെയ്യുന്നു... അവയുടെ കാര്യത്തില്‍ മാത്രമെന്താ ഈ അഭിരുചി വ്യത്യാസവും വ്യാജ സി ഡിയും ഒന്നും ബാധകമല്ലേ??.. അതാണ്‌ പറഞ്ഞതു ഈ പറഞ്ഞതു മാത്രമല്ല എല്ലാവരും പറഞ്ഞ പ്രതിസന്ധിക്കു കാരണം .... ഇന്നു ഒരുപക്ഷേ 100 ഉം 200 ഉം ദിവസവും ചലച്ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടാവില്ല അതിനു കാരണം ഇന്നു റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണം കൂടിയതാണ്‌... മാറ്റം എന്നുള്ളത് പ്രപഞ്ച സത്യമാണ്‌ .. കാലത്തിന്‍റേതായ മാറ്റം ഈ സിനിമാ ഫീല്‍ഡിലും ആവശ്യമാണ്‌.. പക്ഷെ അതിന്‍റെ അര്‍ഥം മലയാളികള്‍ക്കൊന്നും ദഹിക്കാത്ത വിധത്തില്‍ കുറേ അതിമാനുഷികതയും വില്ലനിസവും നിറക്കലാവരുതു...  ഒരു പരിധിവരെ കഴിഞ്ഞ അഞ്ചു ആറു വര്‍ഷങ്ങളായി ഈ നിരയിലുള്ള ചലചിത്രങ്ങളിറങ്ങിയതു നമ്മുടെ ചിന്താശീലരായ പ്രേക്ഷകരെ ഒരു പരിധിവരെയെങ്കിലും ടക്കെസുകളില്‍ നിന്നും അകറ്റി നിറുത്തിയിട്ടുണ്ട്‌... അതുകൊണ്ടു തന്നെ ഇന്നു സിനിമാ തിയേറ്ററുകളിലേക്കു മലയാളികള്‍ എത്തണമെങ്കില്‍ പലരില്‍ നിന്നും അനുകൂളമായ പ്രതികരണം ഉണ്ടാവണം ...  അതിന്‍റെ ഒരു കാരണം ഇന്നു വെറുതെ സമയവും കാശും കളയാന്‍ ഒരു മലയാളിയും തയ്യാറല്ല അതുതന്നെ...  പക്ഷെ ഒരു പുതുമയുള്ള പ്രമേയമോ കാമ്പുള്ള ഒരു കഥയോ ഒന്നുമില്ലെങ്കില്‍ ഒരു രണ്ടു മണിക്കൂര്‍ എല്ലാം മറന്നു ചിരിക്കനുള്ള വകയോ ഉള്ള ഒരു ചലച്ചിത്രം പോലും പരാജയം അറിഞ്ഞിട്ടില്ല എന്നുള്ളതാണ്‌ കാലം തെളിയിക്കുന്ന പരമമായ സത്യം .. ഒരുപക്ഷേ അന്യഭാഷാ ചിത്രങ്ങളിലുള്ള അതിമാനുഷികഥയും വില്ലനിസവും ഒക്കെ ഈ പറഞ്ഞ മലയാളി പ്രേക്ഷകന്‍ അംഗീകരിക്കുന്നുണ്ടാവാം കാരണം അവന്‍ അതില്‍ ന്നും പ്രതീക്ഷിക്കുന്നതു അതാണ്‌ .. ഒരുപക്ഷെ മലയാള സിനിമായില്‍ കാണാന്‍ ആഗ്രഹിക്കാത്തതും .....

Tuesday, September 8, 2009

ഈ വിധി ഉണര്‍ത്തുന്ന കുറച്ചു ചോദ്യങ്ങള്‍........

2004-ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ നടപടി നമ്മുടെ പരമോന്നത കോടതി 2009 ല്‍ ശരിവച്ചു.... ഇവിടെ നമ്മുടെ നീതിന്യായവ്യവസ്തയേയോ അതിനുണ്ടായ സാഹചര്യത്തെപ്പറ്റിയോ ഒന്നും ചോദ്യം ചെയ്യുവാനോ എന്തെങ്കിലും കമന്‍റ്.  പറയുവാനോ ഞാന്‍ ആളുമല്ല അതിനൊട്ടു മുതിരുന്നുമില്ല.. പക്ഷെ അങ്ങനെ ഒരു വിധി വരുമ്പോള്‍ ഏതൊരു പൌരന്‍റേയും അല്ല എങ്കില്‍ ഈ എളിയ ഇന്ത്യന്‍ പൌരനായ എന്‍റെ മനസ്സില തൊന്നിയ ചില സംശയങ്ങള്‍ ഇവിടെ കുറിക്കുന്നു എന്നു മാത്രം ... അങ്ങനെ ഒരു വിധി വരുമ്പോള്‍ അതിനു നീതി ലഭിക്കേണ്ട അളയിരിക്കണമല്ലോ കോട്ടയംകാരുടെ പ്രതിനിധിയായി നമ്മുടെ ഡല്‍ഹിയിലെ പാര്‍ലമെന്‍റില്‍ ഇരിക്കേണ്ടിയിരുന്നതു.. അതിനു ഇനി എന്തായാലും പറ്റുമോ??... അല്ല ഇനി അങ്ങനെ ഇരുന്നില്ലെങ്കില്‍ പോട്ടെ ഇനി എം പി ഫണ്ടില്‍ നിന്നും പണം കൈപ്പറ്റേണ്ടിയിരുന്നതു ഈ അസാധുവാക്കപ്പെട്ട ആളായിരുന്നൊ??... ഇനി മറ്റൊന്നു എല്ലാവരും സ്ഥാനാര്‍ത്ഥി ആവുമ്പോള്‍ ജനങ്ങളുടെ മുന്നില്‍ വയ്ക്കുന്ന ഒരു പ്രകടനപത്രിക ഉണ്ടാകുമല്ലോ??.. അങ്ങനെ എങ്കില്‍ ഈ സാധുവാക്കപ്പെട്ട ആളുടെ ആവശ്യത്തിനുവേണ്ടി ആരു ഫണ്ടു കൊടുക്കും ??.... ഇനി ഈ കാലയളവില്‍ നടപ്പാക്കപ്പെട്ട പദ്ധതികളുടെ ഒക്കെ ചുവടെ 2004-2009 ലെ എം പി എന്നു പറഞ്ഞു ചേര്‍ത്തപേരു ഇനി മാറ്റാന്‍ പറ്റുമോ??.. മാറ്റിയില്ലെങ്കില്‍ അതു തെറ്റായ വിവരം ആകില്ലേ??...
അതുപോലെ ഒരുപക്ഷെ 5 വര്‍ഷം ഇപ്പോള്‍ സാധു എന്നു പറഞ്ഞയാള്‍ തിരഞ്ഞെടുക്കുകയും മാതൃകാപരമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹം തന്നെ ചിലപ്പോള്‍ 2009 ലെ തിരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നില്ലെ??
ഇതില്‍ ചിലതെങ്കിലും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളല്ലേ??..
ഇതു രാഷ്ട്രീയപരമായതും നഷ്ടപ്പെട്ടതു അധികാരവും ആയതു കൊണ്ടു കുഴപ്പമില്ല.. രാഷ്ട്രീയപരമായതു കൊണ്ടു എല്ലാവരും അറിഞ്ഞു ... പക്ഷെ ആരും അറിയാതെ സ്വന്തം ജീവിതത്തിലെ വര്‍ഷങ്ങള്‍ കോടതിയില്‍ പോകുന്നവരും ഉണ്ടാവും .. അതൊക്കെ സാധാരണക്കാരുടെതായതു കൊണ്ടു ആരറിയാന്‍... ഈ കഴിഞ്ഞ ഇടയ്ക്കു കള്ളക്കേസിന്‍റെ പേരില്‍ രണ്ടു വര്‍ഷം പോയ ഒരു വ്യക്തിയെക്കുറിച്ചു ഒരു ചാനലിലെ പരിപാടിയില്‍ കണ്ടിരുന്നു.. അദ്ദേഹത്തിനു നഷ്ടപ്പെട്ട രണ്ടു വര്‍ഷം  ആര്‍ക്കെങ്കിലും തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ??...  ഇതിനൊക്കെ ആരു ഉത്തരം പറയും ....

Monday, September 7, 2009

മഞ്ഞപ്പടയുടെ ആധിപത്യം .......

അര്‍ജന്‍റീനിയന്‍ ആരാധകരുടെ നെഞ്ചില്‍ വെള്ളിടി വീഴ്ത്തിക്കൊണ്ടു ബ്രസീല്‍ ഒന്നിനെതിരെ മുന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു... ലോകകപ്പു യോഗ്യതാമത്സരങ്ങളില്‍ ഈ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ വച്ചാണ്‌  ബ്രസീല്‍  അര്‍ജന്‍റീനയെ തറപറ്റിച്ചതു... ഒരുകാലത്തു അര്‍ജന്‍റീനിയന്‍ ഫുട്ബാളിന്‍റേയും ലോകഫുട്ബാളിന്‍റേയും ദൈവമായിരുന്ന ഡീഗോ മറഡോണയുടെ തന്ത്രങ്ങള്‍ക്കു പോലും ദുഗയുടെ മഞ്ഞപ്പടയുടെ തേരോട്ടത്തിനു തടയിടാന്‍ കഴിഞ്ഞില്ല... മെസ്സിയെന്ന ലോകോത്തര പ്ലയറുടെ മേലുള്ള സമ്മര്‍ദ്ദം ചെറുതൊന്നുമല്ലാത്തതുകാരണമാവാം അദ്ദേഹത്തിനു പോലും ആ ലോകകപ്പിന്‍റെ പടിക്കലേക്കുള്ള ഒരു ചുവടുറപ്പിക്കാനുള്ള മത്സരത്തിലും സ്വന്തം ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാതിരുന്നതു... ഒരുപക്ഷെ ഇന്നലെ കുറേ ബ്രസീലിന്‍ ആരാധകര്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാവും ഇന്നു സ്വന്തം ടീം ഒന്നു തോറ്റുകൊടുക്കണേ എന്നു...  കാരണം അര്‍ജന്‍റീനയില്ലാത്ത ഒരു ലോകകപ്പിനെക്കുറിച്ചു ഒരു ഫുട്ബോള്‍ പ്രേമി ചിന്തിക്കാന്‍ പോലും ആഗ്രഹിക്കാത്ത കാര്യമാണ്‌... പക്ഷെ ഇപ്പോഴും അര്‍ജന്‍റീന പുറത്തായി എന്നു പറയാന്‍ സാധിക്കില്ല... ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്... അതെ ആ മത്സരങ്ങള്‍ എല്ലാം ജയിച്ചു അടുത്ത ലോകകപ്പിലേക്കു യോഗ്യത നേടും എന്നു പ്രതീക്ഷിക്കാം ...

അറിവുണ്ടായാല്‍ മാത്രം പോരാ...

സെപ്റ്റമ്പര്‍ 6 -)0 തീയതി ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ വന്ന വാര്‍ത്ത ആധാരമാക്കി എഴുതിയത്....
വാര്‍ത്ത : "നമ്മുടെ മുന്‍കാല രാഷ്ട്രപതി ആയിരുന്ന എ പി ജെ അബ്ദുള്‍ കലാം ഒരു ടെക്നിക്കല്‍ ഓഫീസര്‍ മാത്രമായിരുന്നു.. നിങ്ങള്‍ അതിന്‍റെ പേരില്‍ എന്നെ രാജ്യ ദ്രോഹി എന്നു വിളിക്കരുതു... " പറഞ്ഞതു നമ്മുടെ ശ്രീമാന്‍ സുകുമാര്‍ അഴീക്കോട്...

അറിവു എന്നുള്ളതു പൊന്നിലും പണത്തിലും എല്ലാം മേലെ ഉള്ളതാണ്‌... നമ്മുടെ പഴമക്കാര്‍ പറയാറുണ്ടായിരുന്നു അറിവുള്ളവനു മറ്റൊന്നും ആവശ്യമില്ല... പക്ഷെ നമ്മുടെ നാട്ടിലെ വാക്മി ആയ ഒരാളുടെ വായില്‍ നിന്നും വരുന്നതു കേട്ടാല്‍ അദ്ദേഹത്തിനു അറിവില്ലാഞ്ഞിട്ടാണോ ഇങ്ങനെ പെരുമാറുന്നതു എന്നു ഒരു എല്‍ കെ ജി യില്‍ പഠിക്കുന്ന കുട്ടിക്കു പോലും തൊന്നിപ്പൊകും ... നമ്മുടെ നാട്ടിലെ മുഖ്യമന്ത്രിയുമായിട്ടുള്ള വാക്തര്‍ക്കം കഴിഞ്ഞിട്ടു എതാനും മാസങ്ങളേ ആവുന്നുള്ളു...
         ഈ പ്രാവശ്യം ഈ പറഞ്ഞ പ്രാസംഗികനായ വാക്മിയുടെ ഇരയാകേണ്ടി വന്നതു നമ്മുടേ രാജ്യത്തിന്‍റെ കഴിഞ്ഞകാല പ്രഥമപുരുഷനാണ്‌.. അദ്ദേഹത്തിന്‍റെ മഹത്തായ കണ്ടെത്തല്‍ നമ്മുടെ രാജ്യത്തിലെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞന്‍ വെറും ഒരു ടെക്നിക്കല്‍ ഒഫീസറായിരുന്നു എന്നാണ്‌... അദ്ദേഹത്തിന്‍ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കാന്‍ എന്താണ്‌ പ്രചോദനമായതു എന്നു അദ്ദേഹത്തോടു തന്നെ ചോദിക്കേണ്ടി വരും ... കാരണം നമ്മുടെ നാട്ടിലെ ആണവപരീക്ഷണങ്ങള്‍ക്കു മാത്രമല്ല അതിനു മുന്‍പേ പരീക്ഷണങ്ങള്‍ക്കും ഒക്കെ മുന്നില്‍ നിന്നും നയിച്ച ആളായിരുന്നില്ലേ നമ്മുടെ ഈ പ്രഥമ പുരുഷന്‍ ... ഇനി ഇതൊന്നുമല്ലായിരുന്നെങ്കില്‍ കൂടി നമ്മുടേ രാജത്തെ സേവിച്ച ഒരു സാധാരണ ശാസ്ത്രജ്ഞനോടാണെങ്കില്‍ കൂടി ഈ പറഞ്ഞതു ഒരിക്കലും ന്യായീകരിക്കാന്‍ പറ്റും എന്നു എനിക്കു തോന്നുന്നില്ല.. പക്ഷെ ഒരു കാര്യത്തില്‍ നമ്മുടേ ഈ മാന്യനായ വാക്മിക്കു ആശ്വസിക്കാം ... കാരണം നമ്മുടെ മുഖ്യമന്ത്രി ഉരുളക്കുപ്പേരിപോലെ മറുപടി കൊടുത്തതു പോലെ ഇദ്ദേഹം മറുപടി കൊടുക്കില്ല കാരണം അദ്ദേഹത്തിനു കൂറച്ചു കൂടി വിവേകമുണ്ടൂ എന്നുള്ളതു തന്നെ...
    എന്താണ്‌ ഇതുപോലുള്ള പ്രസ്താവനകള്‍ ഇറക്കാന്‍ ഈ പ്രാസഗികനു ഇത്ര ആവേശം എന്നു എനിക്കിപ്പോഴും മനസ്സിലാകുന്നില്ല... ഇനി ആരും പ്രസഗത്തിനു വിളീക്കാത്തതു കൊണ്ടാണോ??  അല്ലെങ്കില്‍ എന്തെങ്കിലും വിവാദം ഉണ്ടാക്കി എന്നും പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണോ??... എല്ലാം അദ്ദേഹത്തിനു തന്നെ അറിയാം ...